ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ ആശുപത്രിയിൽ വൻസ്ഫോടനം; 500 നു മുകളിൽ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ : ഗാസ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ഞൂറിനു മുകളിൽ ആൾക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഗാസ സിറ്റിയിലെ അൽ- അഹ്‌ലി അറബ് ഹോസ്പിറ്റലിൽ വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ആശുപത്രി തകർന്നതെന്ന് ഹമാസും ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റിയാണ് സ്ഫോടനമുണ്ടായതെന്ന് ഇസ്രായേലും ആരോപിച്ചു.

ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു.ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി.ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം.

ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ”ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്.”കുറിപ്പിൽ നെതന്യാഹു വിശദീകരിക്കുന്നു.  ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം തള്ളിയ ഇസ്രയേൽ പലസ്തീനിൽ നിന്നുള്ള ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്ന് ആരോപിച്ചു.