ലൈഫ് മിഷൻ അഴിമതി, സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതി കേസിൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്.

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡിയുടെ കേസ്.കേസിന്റെ കുറ്റപത്രം ഇ.ഡി ഇക്കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വാദം തുടരുമ്പോഴാണ് പുതിയ നീക്കം.