കാലമിനിയുമുരുളും. കെ റെയിൽ വരും. വാഴ വച്ചവരൊക്കെ വാഴയാകും’ മുരളി തുമ്മാരുകുടി

കൊച്ചി: സംസ്ഥാനത്ത് കെ റെയിൽ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. കെ റെയിൽ യാഥാർഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുക. 3.54 മണിക്കൂറിൽ കാസർകോട് – തിരുവനന്തപുരം യാത്ര സാധ്യമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

‘ചൈന – ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ – നാലു മണിക്കൂർ – ഉയർന്ന സ്പീഡ് 350 km/h, – നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ – ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ – രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ – നാലു മണിക്കൂർ – പ്ലാൻ കോൾഡ് സ്റ്റോറേജിൽ. ഇവിടെ ആർക്കാണിത്ര തിരക്ക്? പക്ഷെ കാലമിനിയുമുരുളും. കെ റെയിൽ വരും. വാഴ വച്ചവരൊക്കെ വാഴയാകും’ മുരളി തുമ്മാരുകുടി പറയുന്നു.

1229 കിലോമീറ്റർ നാല് മണിക്കൂർ പിന്നിടുന്ന അതിവേഗ ട്രെയിനിന്‍റെ വിശേഷണങ്ങൾക്കൊപ്പമാണ് കെ റെയിൽ വരുമെന്ന് തുമ്മാരുകുടി പറയുന്നത്.സിൽവർലൈൻ പദ്ധതിക്ക് കെ റെയിൽ സമർപ്പിച്ച വിശദാംശങ്ങൾ പരിശോധിച്ചശേഷം അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് കേന്ദ്ര റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.വന്ദേ ഭാരതിൽ ചാർജാണ് പ്രശ്നമെങ്കിൽ കെ റെയിൽ എത്തുന്നതോടെ ആ പ്രശ്നം ഇല്ലാതാകുമെന്നും എംവി ഗോവിന്ദൻ പറയുന്നു.

വേഗ റെയിലിന്‍റെ ആവശ്യകതയും മറ്റിടങ്ങളിലെ സർവീസിനെയും പരിചയപ്പെടുത്തി ചൈനയിലെ വുഹാൻ – ബീജിങ് 1229 കിലോമീറ്റർ നാല് മണിക്കൂർ പിന്നിടുന്ന അതിവേഗ ട്രെയിനിൽ യാത്ര ചെയ്യുന്ന എറിക് സോഹെയിമിന്‍റെ ചിത്രം പങ്കുവെച്ചാണ് കെ റെയിൽ വരുമെന്ന് തുമ്മാരുകുടി പറയുന്നത്.