തിരുവനന്തപുരം : കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറ്റ്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി തൃശൂർ പൂരം പ്രമേയമാക്കി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച പ്രത്യേക ദീപാലങ്കാരം സ്പീക്കർ എ.എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു.
രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് നിയമസഭാ പുസ്തകോത്സവമെന്ന് സ്പീക്കർ പറഞ്ഞു. കെ.എൽ.ഐ.ബി.എഫ് ഒന്നാം പതിപ്പിന് നൽകിയ എല്ലാ പിന്തുണയും ഇക്കുറിയുമുണ്ട്. പുസ്തകോത്സവ വേളയിൽ നിയമസഭാ മന്ദിരത്തിലേക്ക് ഏത് വ്യക്തിക്കും കടന്നുവരാമെന്നും സ്പീക്കർ അറിയിച്ചു. പുസ്തകോത്സവത്തിനായി ഒരുക്കിയ സ്റ്റാളുകളും സ്പീക്കർ സന്ദർശിച്ചു.പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നത്. ആന, നെറ്റിപ്പട്ടം, കുടമാറ്റം, വെഞ്ചാമരം തുടങ്ങി തൃശൂര് പൂരത്തിന്റെ എല്ലാ ചാരുതയും ഒത്തിണക്കിയ ദീപാലങ്കാരമാണ് നിയമസഭയിൽ വെളിച്ച വിസ്മയം തീർക്കുന്നത്.
കുടമാറ്റത്തിന്റെ മാറ്റുകൂട്ടാൻ എഴുപത് വർണ്ണക്കുടകളാണ് ഒരുക്കിയിട്ടുള്ളത്. നിയമസഭയുടെ പ്രധാന കവാടത്തിൽ പൂരപ്പന്തലിന്റെ മാതൃകയിലാണ് ലൈറ്റുകളുടെ അലങ്കാരം.അങ്കണത്തിലെ വൃക്ഷലതാതികളെല്ലാം എൽ.ഇ.ഡി ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം എൽ.ഇ.ഡി ലൈറ്റ് ഫൗണ്ടയിൻ, വെള്ളച്ചാട്ടം തുടങ്ങിയവയാൽ ഒരാഴ്ചക്കാലം നിയമസഭയും പരിസരവും വർണപ്രഭയിൽ നിറയും.
വിവിധരൂപങ്ങളിലായി വിന്യസിച്ചിട്ടുള്ള ദീപങ്ങൾക്ക് മുന്നിൽനിന്നും സെൽഫി എടുക്കുന്നതിനായി തയാറാക്കി പോയിന്റുകളിൽ ഇന്നലെ രാത്രി മുതലേ തിരക്ക് ആരംഭിച്ചു. നവംബർ ഏഴ് വരെ വൈകിട്ട് ആറ് മുതൽ രാത്രി 12 മണി വരെ നിയമസഭയിലെ വർണവിസ്മയം ആസ്വദിക്കാം.