95 കോടിയുടെ ഹെൽത്ത് കെയർ തട്ടിപ്പ് കേസ് ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി

നെവാർക്ക് : 11.5 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 95 കോടി) ഹെൽത്ത് കെയർ തട്ടിപ്പു കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് അമേരിക്കയിൽ കോടതി വിധി. നെവാർക്ക് ഫെഡറൽ കോടതിയിലെ അറ്റോർണി വികാസ് ഖന്നയാണ് വിധി പ്രസ്താവിച്ചത്.ഫെഡറൽ ആന്റി-കിക്ക്ബാക്ക് (Federal Anti-Kickback) ചട്ടങ്ങൾ ലംഘിച്ച് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകാനുള്ള ഗൂഢാലോചന, ഹെൽത്ത്കെയർ തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചിന്തൻ അഞ്ജാരിയക്കു മേൽ ചുമത്തിയിരിക്കുന്നത്. ഇയാൾ കോടതിക്കു മുൻപാകെ കുറ്റം സമ്മതിച്ചു.അടുത്ത മാർച്ച് 12-നായിരിക്കും ചിന്തൻ അജ്ഞാരിയക്കുള്ള ശിക്ഷ വിധിക്കുക.

2017 ഫെബ്രുവരി മുതൽ 2022 മെയ് വരെയുള്ള കോടതി രേഖകൾ അനുസരിച്ച്, ഓർത്തോട്ടിക് ബ്രേസ് സപ്ലൈ കമ്പനികൾ, ടെലിമെഡിസിൻ കമ്പനികൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ എന്നിവ സംബന്ധിച്ച് തെറ്റായതും വഞ്ചനാപരവുമായ ക്ലെയിമുകളാണ് ഇയാൾ സമർപ്പിച്ചത്.ഇന്ത്യയിലെ ഒരു മാർക്കറ്റിംഗ് കമ്പനിയുടെ ഉടമ കൂടിയായായ ചിന്തൻ അ‍ജ്ഞാരിയയും കൂട്ടാളികളും ഓർത്തോട്ടിക് ബ്രേസുകൾക്കും കാൻസർ ജനിതക പരിശോധനകൾക്കുമുള്ള ഗുണഭോക്താക്കളെ ഈ കമ്പനി വഴിയും കണ്ടെത്തി. കമ്പനിയിലെ ജീവനക്കാർ ഗുണഭോക്താക്കളെ വിളിക്കുകയും അവരുടെ ആവശ്യകത പരിഗണിക്കാതെ തന്നെ തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കാൻ അവരെ സമ്മർദദ്ദത്തിലാക്കുകയും ചെയ്തതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഓർത്തോട്ടിക് ബ്രേസുകൾക്കും സിജിഎക്‌സ് ടെസ്റ്റുകൾക്കും ഡോക്ടറുടെ ഓർഡറുകൾ ലഭിക്കുന്നതിന് ചിന്തൻ അഞ്ജാരിയയും ഇയാളുടെ കമ്പനിയും ടെലിമെഡിസിൻ കമ്പനികൾക്ക് കോഴ നൽകിയതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.ഹെൽത്ത് കെയർ തട്ടിപ്പു നടത്താൻ ​ഗൂഢാലോചന നടത്തിയ കുറ്റത്തിന് പരമാവധി 10 വർഷം വരെ തടവും ആന്റി-കിക്ക്ബാക്ക് ചട്ടങ്ങൾ ലംഘിക്കാനുള്ള ഗൂഢാലോചനയ്ക്ക് പരമാവധി അഞ്ച് വർഷം വരെ തടവും ലഭിക്കും. രണ്ടു കുറ്റങ്ങൾക്കുമായി ഒന്നുകിൽ 250,00 ഡോളർ പിഴ ഈടാക്കും. അല്ലെങ്കിൽ, കുറ്റകൃത്യത്തിലൂടെ ലഭിച്ച നേട്ടത്തിന്റെ ഇരട്ടിയോ ഹെൽത്ത് കെയർ സംവിധാനത്തിനു നഷ്ടമായ തുകയോ പിഴയായി അടക്കണം