തിരുവനന്തപുരം : വേദനകളിലേക്കുള്ള സഞ്ചാരമാണ് നോവലുകളെന്ന് എം. മുകുന്ദൻ. നിയമസഭാ പുസ്തകോത്സവത്തിന്റെ വേദിയിൽ ‘നോവലിന്റെ വഴികൾ’ എന്ന വിഷയത്തിൽ സംസാരിച്ച എം. മുകുന്ദൻ ലോക സഞ്ചാരികളേക്കാൾ വലിയ സഞ്ചാരിയാണ് നോവൽ എന്നും അഭിപ്രായപ്പെട്ടു.
വിനോദത്തിനോ കണ്ടുപിടിത്തങ്ങൾക്കോ വേണ്ടിയല്ല നോവലുകൾ സഞ്ചരിക്കുന്നത്. എവിടെയാണോ മനുഷ്യൻ ദുഃഖിക്കുന്നത് അവിടേക്കാണ് നോവലിന്റെ സഞ്ചാരം. ദുഃഖിക്കുന്ന മനുഷ്യരോട് സഹതപിക്കാനും അവരോട് സംവദിക്കാനുമാണ് നോവലുകൾ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെയൊക്കെ വലിയ ദുഃഖങ്ങളും ചൂഷണങ്ങളും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നോവൽ എന്ന സാഹിത്യരൂപം എത്തിച്ചേർന്നിട്ടുണ്ടെന്നും എം. മുകുന്ദൻ പറഞ്ഞു.
ഇന്ത്യയുടെ വിഭജന കാലത്ത് നിരവധി മനുഷ്യർ മരിച്ചുവീണപ്പോൾ ഭിഷം സാഹ്നിയുടെയും ഖുശ്‌വന്ത് സിങ്ങിന്റെയും നോവലുകൾ അവിടേക്കാണ് കടന്നു ചെന്നത്. എല്ലാവരാലും അവഹേളിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ വേദനയാണ് തകഴി ‘തോട്ടിയുടെ മകനി’ലൂടെ വായനക്കാരിൽ എത്തിച്ചത്.ചിലപ്പോൾ നോവലുകൾ സ്വയംഭൂവാകും. അങ്ങനെ ഉണ്ടായതാണ് മയ്യഴി പുഴയുടെ തീരങ്ങളിൽ. ചെറു പ്രായത്തിൽ തന്നെ മനസിൽ എഴുതിയിട്ട നോവലാണത്. ആ നോവൽ എഴുതുന്നതിനുവേണ്ടി സമയം ചെലവഴിക്കേണ്ടി വന്നിട്ടില്ല.
എന്നാൽ ഇതിൽ നിന്നും വിപരീതമാണ് ഡൽഹി ഗാഥകൾ. 40 വർഷം ഡൽഹിയിൽ അനുഭവിച്ച കാര്യങ്ങളാണ് ആ നോവലിലുള്ളത്. 20 വർഷം എടുത്താണ് ഡൽഹി ഗാഥകൾ എഴുതിയത്.വലിയൊരു ഭൂമികയിലേക്ക് നോവൽ സഞ്ചരിക്കേണ്ടകാലമാണ് ഇപ്പോഴുള്ളത്. ഗാസയിലേതുപോലെ ഒരുപാടു പ്രശ്നങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സ്വതന്ത്രമായി എഴുതാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥ ഇന്നു നമ്മുടെ രാജ്യത്തുണ്ട്. അതിനെതിരെ പോരാടണം. നവ ഫാസിസത്തിന്റെ വരവാണ് എഴുത്തുകാരെ എന്ന് ഏറ്റവും കൂടുതൽ അലട്ടുന്നത്. എന്നാൽ നോവലുകൾ അതിന്റെ ജൈത്രയാത്ര തുടരും. എഴുത്തുകാരനെ ജയിലിലടയ്ക്കാൻ കഴിഞ്ഞാലും നോവലിനെ ഒരിക്കലും ജയിലിലടയ്ക്കാനാകില്ലെന്നും എം. മുകുന്ദൻ പറഞ്ഞു..
മലയാളത്തനിമയുടെ മഹോത്സവമായ “കേരളീയം” ത്തിന്റെ ഭാഗമായാണ് പുസ്തകോത്സവവും കേരള സർക്കാർ സംഘടിപ്പിച്ചത്. “കേരളീയം” ആദ്യ പതിപ്പിന് ഇന്നലെ തിരശ്ശീല വീണു.