മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്, ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്, പ്രണാമം.ഷമ്മി തിലകൻ

മലയാള സിനിമയുടെ പെരുന്തച്ചൻ, അനുഗ്രഹീത കലാകാരൻ, തിലകൻ വിടപറഞ്ഞിട്ട് പതിനൊന്ന് വർഷങ്ങൾ പൂർത്തിയാകുന്നു. ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് “ഞാൻ സത്യ,സന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്ന് മറുപടി പറഞ്ഞ സുരേന്ദ്രനാഥ തിലകൻ എന്നറിയപ്പെടുന്ന തിലകൻ ഓർമ്മയായിട്ട് പതിനൊന്നു വർഷങ്ങൾ.മലയാള സിനിമയിൽ സമാനതകളില്ലാത്ത നടൻ തിലകൻ ചെയ്തു വെച്ച് പോയ കഥാപാത്രങ്ങൾ ഇന്നും എന്നും മലയാളിയെ ത്രസിപ്പിച്ചു കൊണ്ടേയിരിക്കും.

അച്ഛന്റെ ഓർമയിൽ മകൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു.

” ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി, ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം.
കലഹം ജന്മപ്രകൃതമായ. കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത. മരണം പോലും കലഹമാക്കി ആഘോഷിച്ച, തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ, നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം.

അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിൻറെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവർത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി. അതെ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും.എന്നിരുന്നാലും. ‘പെറ്റ് കിടക്കുന്ന പുലി’ എന്ന് മുഖത്തുനോക്കി വിളിക്കാൻ ചുരുക്കം ചിലർക്കെങ്കിലും മൗനാനുവാദം നൽകി, എന്നെന്നും ആ വാൽസല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ “തിലകൻ ചേട്ടൻ” എന്ന പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ. എൻറെ അഭിവന്ദ്യ പിതാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നുവർഷം.

നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്. കാഴ്ചകളെ വലുതാക്കിയതിന്,
മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്, ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്, പ്രണാമം”