കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാജ്യം ഇസ്രയേലാണ്.പലസ്തീൻ വിമോചനത്തിനായി പൊരുതുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു. പലസ്തീനിലെ കൂട്ടക്കുരുതി കണ്ടാൽ മനുഷ്യത്വത്തിന്റെ മനസുള്ള എല്ലാവരുടെയും നിലവിളി ഉയരുമെന്നും ബിജെപി സർക്കാർ തീവ്രവാദ രാജ്യമായ ഇസ്രയേലിന്റെ മനുഷ്യത്വമില്ലായ്മയ്ക്ക് ഒപ്പമാണെന്നും കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യമന്ത്രി ആരോപിച്ചു.
ഐക്യരാഷ്ട്ര സഭയിലെ വെടിനിർത്തൽ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നത് അപമാനകരമാണ്. ലോകത്തിന് മുന്നിൽ രാജ്യം അപമാനിതരാകുന്ന നിലയുണ്ടായി. കേന്ദ്രത്തിന്റെ സയണിസ്റ്റ് പക്ഷപാതമാണ് ഇതിലൂടെ തെളിയുന്നത്. ആർ.എസ്.എസ് തത്വസംഹിത ഹിറ്റ്ലറില്‍ നിന്നാണ് കടമെടുത്തത്. പരിശീലന രീതി മുസോളിനിയിൽ നിന്നും. ഇതു രണ്ട് ചേർന്നതാണ് ആർ.എസ്.എസ് ശൈലി.വംശീയ ഉന്മൂലനമാണ് ഇസ്രായേലിന്റെ ലക്ഷ്യം.
സ്വാതന്ത്ര്യസമരം നടക്കുമ്പോഴും സ്വാതന്ത്ര്യാനന്തരവും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു.ഇസ്രായേലുമായി സാധാരണ രാജ്യവുമായി ഉള്ള ബന്ധവും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല.പലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലയ്ക്ക് നമ്മൾ കണ്ടിരുന്നില്ല.ഇസ്രായേലുമായി ഇന്ത്യ ഒരു ബന്ധവും പുലർത്തിയിരുന്നില്ല.ചേരിചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു.നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്നുവന്നു.
അന്നും ഇന്നും ഇസ്രായേലിനെക്കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണ്. ദശാബ്ദങ്ങൾക്ക് മുൻപാണ് നമ്മളുടെ നയത്തിൽ വെള്ളം ചേർത്തത്. നരസിംഹ റാവു ഭരിക്കുമ്പോള്‍ അത് പൂര്‍ണമായി. യു.പി.എ രാജ്യം ഭരിച്ച കാലത്ത് കേന്ദ്രം അമേരിക്കയ്ക്ക് കീഴ്പ്പെട്ടു . അമേരിക്കൻ ബാന്ധവത്തേത്തുടർന്നാണ് സി.പി.എം. കേന്ദ്രത്തിന് നൽകിയ പിന്തുണ പിൻവലിച്ചത്. ആ സർക്കാരും ഇന്നത്തെ കേന്ദ്ര സർക്കാരും തമ്മിൽ ഒരു വ്യത്യാസവുമില്ല.
വലിയ സ്വാധീനമുള്ള പാർട്ടികളെ പാലസ്തീൻ പ്രതിഷേധത്തിൽ കാണാനില്ലെന്നും .ബി.ജെ.പി എന്ന പാർട്ടിയുടെ നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.