ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷം, കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയുടെ നോട്ടീസ് വിവാദമായ സാഹചര്യത്തിൽ തിരുവിതാംകൂർ കൊട്ടാരം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയും പൂയം തിരുനാൾ ഗൗരിപാർവതീഭായിയും അറിയിച്ചു.തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരിപാർവതീ തമ്പുരാട്ടിയെയും ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടിയെയും ഹിസ് ഹൈനെസ്സ് എന്ന് നോട്ടീസിൽ വിശേഷിപ്പിച്ചത് ഒരുപാട് വിമർശനങ്ങൾക്ക് കാരണമായി.

വിവാദമായ ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് പിന്നീട് പിന്‍വലിച്ചു.രാജാവിന്റെ ഔദാര്യമായാണ് ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്കാരികവകുപ്പ് ഡയറക്ടർ നോട്ടീസ് പുറത്തിറക്കിയത്.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് നോട്ടീസ് പിൻവലിച്ചത്.തീരുമാനിച്ച പോലെ തന്നെ പരിപാടി നടക്കുമെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങൾ തന്നെ പരിപാടിയിൽ പങ്കെടുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.