ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങി റോബിൻ ബസ് വീണ്ടും ഓടി തുടങ്ങി

പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങി കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി.മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പെര്‍മിറ്റ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയുടെ പിഴ എംവിഡി ചുമത്തി.ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരാന്‍ എംവിഡി അനുവദിച്ചതോടെ അരമണിക്കൂര്‍ വൈകി ബസിന്‍റെ യാത്ര തുടര്‍ന്നു.

പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ എത്തിയപ്പോൾ ആരാധകര്‍ ചേര്‍ന്ന് മാല അണിയിച്ചും മിഠായി വിതരണം ചെയ്തും റോബിന്‍ ബസിനെയും ഉടമ ബേബി ഗിരിഷിനെയും സ്വീകരിച്ചു.ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു.പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നീ സ്ഥലങ്ങളിൽ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും.കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരേക്ക് സർവീസ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി .45 ദിവസങ്ങൾക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബർ 16ന് വീണ്ടും സർവീസ് തുടങ്ങി. റാന്നിയിൽ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. കോടതി ഉത്തരവിനെ തുടർന്നാണ് ബസ് ഉടമയ്ക്ക് വിട്ടുനൽകിയത്.

ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും മോട്ടോര്‍ വാഹന വകുപ്പ്.