കണ്ണൂർ ജില്ലയിൽ പ്രതിഷേധം,മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ

കണ്ണൂർ: നായനാർ അക്കാദമിയിലെ പ്രഭാത യോഗത്തോടെ രണ്ടാം ദിന നവകേരള സദസ് കണ്ണൂർ ജില്ലയിൽ തുടരുന്നു.അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ സദസ്. ഉച്ചയ്ക്കുശേഷം കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിൽ നവ കേരള സദസ്സുകൾ നടക്കും.നവകേരള സദസ്സിന്‍റെ കണ്ണൂർ ജില്ലയിലെ ആദ്യദിനം ലഭിച്ചത് 9807 നിവേദനങ്ങളാണ്.

പയ്യന്നൂരിൽ 2554, കല്യാശേരിയിൽ 2468, തളിപ്പറമ്പിൽ 2289 , ഇരിക്കൂറിൽ 2496 എന്നിങ്ങനെയാണ് ജില്ലയിലെ ആദ്യദിവസത്തിലെ നിവേദനങ്ങളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ.ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ കല്യാശ്ശേരി മണ്ഡലത്തിൽ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രെ പ​ഴ​യ​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ് പ​രി​സ​ര​ത്തുവെച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ഡിവൈ​എ​ഫ്ഐ-​സിപിഎം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​ത് ത​ട​ഞ്ഞതോടെ സംഘർഷവുമുണ്ടായി.

സംഭവത്തിൽ ഏഴ് യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ തലയ്ക്കടിയേറ്റ് സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.