കനത്ത മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം,രണ്ടുപേരെ കാണാതായി

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം.സംസ്ഥാനത്ത് ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായതായും റിപ്പോർട്ടുണ്ട്. നാരങ്ങാനത്ത്എഴുപത്തിയഞ്ച് വയസ്സുകാരിയായ സുധ എന്നയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപം പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിനെ  (13) കാണാതായതായി റിപ്പോർട്ട് ഉണ്ട്.സ്‌കൂളിൽനിന്ന് വീട്ടിലേക്കു വരുന്നതിനിടെ രണ്ട് വിദ്യാർഥികൾ കാൽവഴുതി കൈത്തോട്ടിൽ വീഴുകയായിരുന്നു. ഇവരിലൊരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി.

പൊന്‍മുടി. കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. തീരദേശങ്ങളിൽ കടലാക്രമണമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറീയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, ബീച്ചിലേക്കും മറ്റുമുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

പത്തനംതിട്ടയിൽ കഴിഞ്ഞദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നു.