ബൈജൂസിന് 10 ലക്ഷം രൂപ പിഴ, ഐഎഎസ് പരിശീലത്തിനു ആളെ പിടിക്കാൻ തെറ്റായ പരസ്യം നൽകി

തിരുവനന്തപുരം : ഐ‌എ‌എസ് പരിശീലനം സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർ തങ്ങളുടെ പൂർവ വിദ്യാർത്ഥികളാണെന്ന തരത്തിൽ ഇവർ പരസ്യം ചെയ്തിരുന്നു.ഐഎഎസ് കോച്ചിങ്ങ് സെന്ററുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനും ബൈജൂസിന് സിസിപിഎ നിർദേശം നൽകിയിട്ടുണ്ട്.

2013ൽ ബൈജൂസിന്റെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ 62 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. 2020-ൽ അത് വൻതോതിൽ വർധിച്ച് 295 ‌‌ആയി. ഈ വർദ്ധനവിനെ ന്യായീകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് സിസിപിഎ പറയുന്നു. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ സിസിപിഎ സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരുന്നു. ഓഗസ്റ്റിൽ ബൈജുവിന് സിസിപിഎ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ രാജ്യത്തെ നാല് ഐഎഎസ്കോച്ചിങ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സിസിപിഎ പിഴ ചുമത്തിയിരുന്നു.ഐഎഎസ് പരീക്ഷയിൽ വിജയിച്ച ചിലർ തങ്ങളുടെ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയതെന്ന രീതിയിലാണ് പല കോച്ചിങ്ങ് സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയത്.