മുന്‍ സൈനികനും കോളേജ് അധ്യാപികയും കുട്ടിയും മരിച്ച നിലയിൽ

ഇരിട്ടി: കുടകിലെ റിസോര്‍ട്ടില്‍ കൊല്ലം സ്വദേശികളായ ദമ്പതികളെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി. പ്രൊഫസറെയും ഭര്‍ത്താവായ മുൻ സൈനികനേയും കുട്ടിയേയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവല്ല മാര്‍ത്തോമ കോളജിലെ അസി. പ്രൊഫസര്‍ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം, തിരുവല്ലയില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഭര്‍ത്താവും വിമുക്തഭടനുമായ കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനന്‍, ജിബിയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ജെയിന്‍ മരിയ ജേക്കബ് എന്നിവരാണ് മരിച്ചത്.

കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് ഇവരുടെ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചുനേരം ഇവര്‍ റിസോര്‍ട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിന് മൊഴിനല്‍കി.