സാലഡിൽ ജീവനുള്ള ഒച്ച്,ഫ്രൈഡ് റൈസിൽ ചത്ത പാറ്റ, സ്വിഗ്ഗി,സൊമാറ്റോ ഫുഡ് ഡെലിവറിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ബംഗളുരു : ഭക്ഷണം പുറത്ത് നിന്നും വാങ്ങാൻ നിരവധി പേർ ആശ്രയിക്കുന്നത് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെയാണ്.ഈ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെ പൂർണ്ണമായിട്ടും വിശ്വസിക്കാനോ ആശ്രയിക്കാനോ സാധിക്കുമോ ? കഴിഞ്ഞ ദിവസം ഫുഡ് ഡെലിവറി ആപ്പുകളിൽ വമ്പന്മാരായ സ്വിഗ്ഗിയിലും സൊമാറ്റോയിയലൂടെയും വാങ്ങിയ ഭക്ഷണത്തിൽ ജീവനുള്ള ഒച്ചിനെയും ചത്ത പാറ്റയെയും കണ്ടെത്തിയ സംഭവം ആശങ്കാജനകമാണ്.

ഈ രണ്ട് സംഭവങ്ങളും നടന്നിരിക്കുന്നത് ബെംഗളൂരു നഗരത്തിലാണ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ധവാൻ സിങ് എന്ന യുവാവ് സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ജീവനുള്ള ഓച്ചിനെ കണ്ടെത്തിയത്. ഈ വിവരം ധവാൻ എക്സിലൂടെ സ്വിഗ്ഗിയെ അറിയിക്കുകയും ഓർഡർ സംബന്ധിച്ചുള്ള വിവരങ്ങൾ സ്വിഗ്ഗി ആരായുകയും ചെയ്തു. എന്നാൽ സ്വിഗ്ഗിയുടെ കസ്റ്റമർ കെയർ റീഫണ്ട് ചെയ്യാനോ പകരം നൽകാനോ പോലും തയ്യാറായില്ലെന്ന് യുവാവ് പറഞ്ഞു.

ബെംഗളൂരു സ്വദേശിനിയായ യുവതി സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തുന്നത്. ഈ വരം എക്സിലൂടെ അറിയിച്ചപ്പോൾ ഖേദം പ്രകടിപ്പിച്ച സൊമാറ്റോ ഓർഡർ സംബന്ധിച്ചുള്ള വിവരങ്ങൾ യുവതിയിൽ നിന്നും ശേഖരിക്കുകയും ചെയ്തു.