മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന പ്രതി അജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം കാണാതായ മകൻ മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിനുശേഷം കാണാതായ അജേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനും ഭാര്യ തങ്കമണിയുമാണ് കൊല്ലപ്പെട്ടത്. കുമാരനെ ബുധനാഴ്ച രാവിലെ പത്തരയോടെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലും
ഭാര്യ തങ്കമണിയെ ഗുരുതര പരുക്കുകളോടെ കിടപ്പു മുറിയിലെ കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. കുമാരന്റെ സഹോദരിയാണ് വിവരം കാഞ്ഞാർ പൊലീസിൽ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമണി പിന്നീട് മരിച്ചു.

കുമളിയിൽ താമസിക്കുകയായിരുന്ന മകൻ അജേഷ് ചൊവ്വാഴ്ച രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.കുടുംബവഴക്കിനെ തുടർന്ന് അജേഷ് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.