ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ വിജിലൻസിന്റെ പിടിയിൽ

മലപ്പുറം: വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി അമ്പക്കാടൻ നിജാസിനെ (38) ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവ് കോരൻകുന്നിലുള്ള വീട്ടമ്മയിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷെഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈക്കൂലിയായി 20,000 രൂപ ആവശ്യപ്പെട്ടപ്പോൾ ഇത്രേയും നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ തൽക്കാലം പതിനായിരം രൂപ നൽകാനും ബാക്കി പതിനായിരം രൂപ വീട് അനുവദിക്കുമ്പോൾ നൽകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.വീട്ടമ്മ വിജിലൻസിനെ സമീപിച്ചു.

കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.