മുംബൈ : ലോക ക്രിക്കറ്റിൽ ആർക്കും നേടാനാകാത്ത അനുപമമായ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം വിരാട് കോഹ്ലി. ഏഴ് കലണ്ടർ വർഷങ്ങളിൽ 2000ൽ ഏറെ റൺസ് നേടുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി.മഹാരഥൻമാരായ സച്ചിൻ ടെൻഡുൽക്കറിനും ബ്രയൻ ലാറയ്ക്കുമൊന്നും സാധിക്കാതെ പോയ റെക്കോർഡാണ് വിരാട് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്.
ക്രിക്കറ്റിന്റെ 146 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു റെക്കോർഡ് പിറക്കുന്നത്. അതും ഒരു ഇന്ത്യക്കാരന്‍റെ പേരിൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോഴും ഒറ്റയാനായി പൊരുതിയ കോഹ്ലി 76 റൺസ് നേടിയിരുന്നു. ഈ ബാറ്റിങ് പ്രകടനമാണ് കോഹ്ലിയെ പുതിയ റെക്കോർഡിലേക്ക് എത്തിച്ചത്.
1877 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചതുമുതൽ മറ്റൊരു കളിക്കാനും ഈ റെക്കോർഡ് നേട്ടത്തിൽ എത്താനായിട്ടില്ല..