തൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി, ക്രൈസ്തവർ ബിജെപിയെ പിന്തുണയ്ക്കും. കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയം നേരിട്ടെങ്കിലും സുരേഷ് ഗോപി ജനങ്ങൾക്കൊപ്പം നിന്നു. തോറ്റെങ്കിലും എല്ലാ ശക്തിയുമെടുത്ത് അദ്ദേഹം ജനങ്ങളെ സഹായിച്ചു. അതിനാൽ ഇത്തവണ തൃശൂരിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിൽ ക്രൈസ്തവർ ബിജെപിയെ പിന്തുണയ്ക്കും.പരാജയപ്പെട്ടിട്ടും സുരേഷ് ഗോപി ജനങ്ങൾക്കൊപ്പം നിന്നപ്പോൾ ടി എൻ പ്രതാപൻ ജനത്തിനായി ഒന്നും ചെയ്തില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്നാണ് കരുതിയതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. എന്നാൽ ആ സ്ഥിതിയൊക്കെ മാറി. മൂന്നാമതും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ബിജെപി ആരംഭിച്ചുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

തൃശൂർ, തിരുവനന്തപുരം ഒഴികെയുള്ള പതിനെട്ട് മണ്ഡലങ്ങളിലും എന്ത് മാറ്റമുണ്ടാക്കാം എന്നാണ് ബിജെപി ഉറ്റുനോക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.