പട്ന: സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ 13 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ എട്ട് പേരെ ബിഹാറില്‍ പോലീസ് പിടികൂടി. ഓള് ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ പ്രധാനി മുന്ന കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. അറസ്റ്റ് ചെയ്തവരിൽ നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്.
പങ്കാളിയിൽ നിന്ന് ഗര്‍ഭം ധരിക്കാൻ കഴിയാത്ത സ്ത്രികളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് . ശാരീരിക ബന്ധത്തിന് ശേഷം ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും സംഘം വാഗ്ദാനം ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് നിരവധി പുരുഷന്മാരില്നിന്ന് ഇവര്‍ പണം തട്ടിയത്.
കുറെ സ്ത്രികളുടെ ചിത്രങ്ങള്‍ അയച്ചുനൽകും അതിൽ നിന്ന് ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും തട്ടിപ്പുകാര്‍ അറിയിക്കും.തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ സൗന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. അത് 5000 രൂപ മുതല്‍ 20,000 രൂപ വരെ വരും.
ഇതിനായി 799 രൂപ അടച്ച് രജിസ്ട്രേഷന് ചെയ്യണം. പണവും നല്കി ‘ജോലിക്കായി’ കാത്തിരുന്നാലും പിന്നീട് വിളിയൊന്നും വരില്ല. ഒടുവില്‍ കാത്തിരിപ്പ് നീണ്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്.