എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു, എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊച്ചി: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാർഥി സംഘർഷത്തിൽ ഇന്ന് പുലർച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് 15 കെഎസ്‌യു , ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കോളേജിൽ നാടകോത്സവത്തിന്റെ ചുമതലക്കാരനായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാൻ നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. വടിവാളും ബീയർ കുപ്പിയും മാരകായുധങ്ങളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്.കേസിലെ ഒന്നാം പ്രതി മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ്. പരിക്കേറ്റ നാസർ ആശുപതിയിൽ ചികിത്സയിലാണ്.