ന്യൂഡൽഹി : നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പെട്രോൾ, ഡീസൽ നിരക്കുകൾ ഗണ്യമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നു. ഫെബ്രുവരി മാസത്തോടെ വാഹന ഇന്ധനങ്ങളുടെ വില ലിറ്ററിന് 10 രൂപ വരെ കുറച്ചേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദ കാലയളവിലെ പ്രവർത്തനഫലം പൊതുമേഖല എണ്ണക്കമ്പനികൾ പ്രഖ്യാപിച്ച ശേഷമായിരിക്കും ഇന്ധന വില താഴ്ത്തുക.
പൊതുമേഖല എണ്ണക്കമ്പനികൾ കനത്ത ലാഭം നേടുന്ന സാഹചര്യമായതിനാലും പൊതുവിപണിയിൽ പണപ്പെരുപ്പത്തെ മെരുക്കാനുള്ള മാർഗമായും പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക്, ലിറ്ററിന് 5 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികളുടെ മൂന്നാം പാദഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ അന്തിമ തീരുമാനം കേന്ദ്രസർക്കാർ എടുക്കുമെന്നാണ് സൂചന.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡോയിൽ) വില താഴ്ന്നതോടെ, രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ ക്രൂഡോയിൽ വില ഉയർന്ന ഘട്ടത്തിൽ പൊതുമേഖല എണ്ണക്കമ്പനികൾക്ക് നേരിട്ട നഷ്ടം നികത്തിയ ശേഷം ഇന്ധന വില താഴ്ത്തുന്നത് പരിഗണിക്കാമെന്നായിരുന്നു സർക്കാർ നിലപാട്.