രാജ്യം ഒരു റിപ്പബ്ലിക് ദിനം കൂടി ആഘോഷിക്കുകയാണ്.
നേടിയെടുത്ത സ്വാതന്ത്ര്യം അർത്ഥപൂർണമാകണമെങ്കിൽ ഇന്ത്യക്ക് ഇന്ത്യയുടേതായ ഒരു ഭരണഘടന ഉണ്ടാകേണ്ടതുണ്ട് എന്ന ദീർഘവീക്ഷണത്തിൽ രാജ്യത്തെ എല്ലാ വിധ പ്രാതിനിധ്യങ്ങളും ഒറ്റക്കെട്ടായി പടുത്ത ഒന്നാണ് നമ്മുടെ ഭരണഘടന.
തൊട്ടുകൂടായ്മയ്ക്കും ജാതി മതലിംഗ വിവേചനങ്ങൾക്കുമെതിരെ വ്യക്തമായ നിലപാടുകൾ ഉറപ്പിക്കാനുള്ള സാമൂഹികാവബോധമാണ് നമ്മുടെ ഭരണഘടനയുടെ കാതൽ.നമ്മൾ നമുക്കായി സമർപ്പിച്ച, നമ്മുടെ രാജ്യത്തെ സ്വതന്ത്ര പരമാധികാര റിപ്പബ്ലികായി പ്രഖ്യാപിച്ച ഭരണഘടനയെ എല്ലാ അർത്ഥത്തിലും നെഞ്ചോടു ചേർക്കേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന നീതിയും സ്വാതന്ത്ര്യവും സമത്വ സാഹോദര്യങ്ങളുമാണ് ഏകത്വത്തേക്കാൾ ബഹുത്വങ്ങളുള്ള നമ്മുടെ രാഷ്ട്രത്തെ ഇന്നോളം നിലനിർത്തിയത്.ഭരണഘടനാ നിർമ്മാണ സമിതിയുടെ സംവാദങ്ങൾ പരിശോധിച്ചാൽ അത്രയേറെ സൂക്ഷ്മമായ വാദങ്ങളുടെയും എതിർവാദങ്ങളുടെയും അടിത്തറയായിരിക്കുന്ന ജനാധിപത്യ ബോധം കാണാനാകും.
പാർലമെന്റുകളെ പോലും നിഷ്പ്രഭമാക്കുന്ന, വർഗ്ഗീയതയ്ക്കു മേൽ പടുത്തുയർത്തുന്ന ഏകാധിപത്യ സ്വഭാവത്തിലേക്ക് ഇന്ത്യ മറയാതിരിക്കാൻ നാമേറ്റവും ജാഗ്രതയോടെ കാക്കേണ്ട ഒന്നാണ് നമ്മുടെ ഭരണഘടന.സംസ്കൃതികളിലെ വൈവിദ്ധ്യം കൊണ്ടാണ് റിപ്പബ്ലിക് ദിന പരേഡ് പോലും സുന്ദരമാകുക. വൈവിദ്ധ്യങ്ങളിൽ പുലരുന്ന സമത്വവും സാഹോദര്യവും തന്നെയായിരിക്കണം എന്നത്തേയും ഇന്ത്യ.