കൊച്ചി: മുൻ മന്ത്രിയും നിലവിലെ തൃപ്പൂണിത്തുറ എംഎൽഎയുമായ കെബാബുവിൻറെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2007 ജൂലൈ മുതല്‍ 2016 മേയ് വരെയുള്ള കാലയളവില്‍ അനധികൃതമായി മന്ത്രി കെബാബു സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്ന കേസിൽ ബാബുവിനെ നേരിട്ട് വിളിച്ച് വരുത്തി ഇഡി മൊഴിയെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി സ്വത്തുകള്‍ കണ്ടുകെട്ടിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്നു കെ.ബാബു. 150 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണക്ക്. ഇത് വഴി 49.45 ശതമാനത്തോളം സ്വത്ത് വകകൾ ഉണ്ടാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സംസ്ഥാനത്തെ ബാർ ലൈസന്‍സ് പുതുക്കി നല്കാന് ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ മുഖാന്തിരം കോടിക്കണക്കിനു രൂപ ഓരോ വര്‍ഷവും പിരിച്ചു.ബാർ ലൈസൻസുമായി ബന്ധപ്പെട്ട തിരിമറികൾ, ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനമെടുക്കൽ.സുഹൃത്തുക്കൾ, ബിനാമികൾ എന്നിവരുടെ പേരിലുള്ള ബാറുകള്‍ക്ക് സമീപം മദ്യവില്‍പ്പന ശാലകള്‍ പൂട്ടിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് കെബാബു നേരിട്ടത്.