ജാർഖണ്ഡ്: കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഹേമന്ത് സോറൻ രാജിവച്ചു. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിൽ എത്തി സോറൻ രാജിക്കത്ത് ഗവർണർ സിപി രാധാകൃഷ്ണന് കൈമാറി. ചമ്പായി സോറൻ ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രിയാകും. നിലവിലെ ഗതാഗത മന്ത്രിയായ ചമ്പായി സോറനെ പാർലമെൻ്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതായി ജെഎം എംഎംഎൽഎമാർ അറിയിച്ചു.
സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട് റാഞ്ചിയിലെ പ്രധാന പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ക്രമസമാധാന നില നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. 600 കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ഭരണസഖ്യത്തിലെ എംഎൽഎമാരുമായി ചർച്ച ചെയ്ത ഹേമന്ത് സോറൻ ഭാര്യ കൽപന സോറനെ പരിഗണിച്ചാൽ നവംബറിൽ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമോ എന്ന സംശയത്തിൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.