ജാർഖണ്ഡ് : 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിൽ ഇന്നലെ അർധരാത്രിയോടെ ചംപായ് സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചു. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി.
അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ച് ഇന്നലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി ചംപായ് സോറനും 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തിലെത്തി. എംഎല്‍എമാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളുംറദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.വിമാന സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തിന് പുറത്തേക്ക് വന്ന എംഎല്‍എമാര്‍. കാലാവസ്ഥ അനുകൂലമായാല്‍ ഹൈദരാബാദിലേക്ക് പോകുമെന്ന് വ്യക്തമാക്കി.
എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചത്. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ജാർഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു.ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കള്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയത്. ഇഡി അറസ്റ്റിലായ ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.
ഓപ്പറേഷന്‍ താമര നീക്കത്തിലൂടെ ബിജെപി എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്ന് ജെഎംഎം നേതാക്കൾ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ജെഎംഎം നേതാവ് ഹേമന്ത് സോറൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ സംസ്ഥാന ഗതാഗത മന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള 48 എം എൽ എമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.