കാലിഫോർണിയ : ഹോളിവുഡ് സംവിധായകനും നടനുമായ കാള്‍ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. 75 ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചു.2021 ല്‍ എമ്മി പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1960 കളിൽ അറിയപ്പെടുന്ന കോളേജ് ഫുട്ബോൾ താരമായിരുന്ന വെതേഴ്സ് 70 കളുടെ തുടക്കത്തിൽ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ച് 1973 ൽ അഭിനയ രംഗത്തേക്ക് എത്തി.
നിരവധി ടെലിവിഷന്‍ സീരീസ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിൽവസ്റ്റർ സ്റ്റാലോണിനൊപ്പം നാല് റോക്കി ചിത്രങ്ങളിൽ അപ്പോളോ ക്രീഡ് എന്ന കഥാപാത്രം അഭിനയിച്ചതിലൂടെയാണ് പ്രശസ്തനായത്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അധികവും കാൾ വെതേഴ്സ് അഭിനയിച്ചിട്ടുള്ളത്. അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗില്‍മോര്‍, ദ മണ്ഡലോറിയന്‍, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാന ചിത്രങ്ങള്‍.