തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തിയ ആൾ പരിശോധനക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്.
പൊതു മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും കോടി രൂപവരെ പിഴയും ലഭിക്കാവുന്ന ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. യുപിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്, വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി എന്നിവ നടത്തുന്ന പരീക്ഷകൾ, ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്ന വകുപ്പുകളിലേക്കുള്ള പരീക്ഷകൾ തുടങ്ങിയവയാണ് ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ത്തൽ, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, സീറ്റ് ക്രമീകരണങ്ങളിൽ കൃത്രിമം കാണിക്കൽ അടക്കം വിവിധ തരത്തിലുള്ള 20 കുറ്റങ്ങളാണ് ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെയാണ് ശിക്ഷ. ഒരു കോടി രൂപവരെ പിഴ വിധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ച ആൾക്കുപകരമായി പരീക്ഷ എഴുതാനെത്തിയ ആളാണെങ്കിൽ സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഹാൾ ടിക്കറ്റ് നമ്പരിലൂടെ അപേക്ഷിച്ച ആളെ കണ്ടെത്താനാകും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇറങ്ങി ഓടിയ ആളെ പിടികൂടാനുമാകും..രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ.
52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.