ദോഹ: മുസ്‌ലിം ലീഗ് പോഷക സംഘടനയായ കെഎംസിസി ഖത്തറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയക്ക് ഇന്ത്യന്‍ എംബസി വിലക്കേര്‍പ്പെടുത്തി. അഫിലിയേഷന്‍ റദ്ദാക്കുമെന്ന മുന്നറിയിപ്പില്‍ ഭയന്ന കെഎംസിസി നേതാക്കള്‍ ഫാത്തിമയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഏക സിവില്‍കോഡിനെതിരെ ഫാത്തിമ നടത്തിയ പ്രഭാഷണ ശകലത്തിന്റെ ഒരു വീഡിയോയാണ് എംബസിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിങ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ ഫാത്തിമ തഹ്‌ലിയയെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചു കൊണ്ടുവന്ന സംഘാടകര്‍ ഫാത്തിമ തഹ്‌ലിയയെ പരിപാടിയില്‍ പ്രസംഗിക്കാന്‍ അനുവദിച്ചാല്‍ കെഎംസിസിയുടെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന എംബസിയുടെ മുന്നറിയിപ്പിനെ ഭയന്ന് പരിപാടിയില്‍ നിന്ന് അവരെ ഒഴിവാക്കിയതെന്ന് പറയപ്പെടുന്നു.ഇപ്പോള്‍ ഖത്തറിലുള്ള ഫാത്തിമ അടുത്ത ദിവസം കേരളത്തിലേക്ക് മടങ്ങും.
എംബസി നിര്‍ദേശപ്രകാരമാണ് പരിപാടിയില്‍നിന്ന് മാറ്റിയതെന്ന് പുറത്തുപറയരുതെന്ന് ഫാത്തിമയോട് നേതാക്കള്‍ പറഞ്ഞെന്നും എംബസിയുടെ സാമൂഹിക സംഘടനാ ചുതമലയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ ഫാത്തിമയെ പരിപാടിയില്‍ സംസാരിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും ഖത്തറിലെ മാധ്യമ പ്രവര്‍ത്തകന്‍ അഷ്റഫ് തൂണേരി പറഞ്ഞു. മുതിര്‍ന്ന കെഎംസിസി നേതാക്കളേയും ഐസിസി ഭാരവാഹികളേയും വിളിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. പേടിച്ച് വിറച്ച നേതാക്കള്‍ പരിപാടിയില്‍ നിന്ന് ഫാത്തിമയെ വിദഗ്ധമായി ഒഴിവാക്കിയെന്നും ഫാത്തിമക്ക് തൊണ്ടവേദനയാണെന്നും പനിയാണെന്നും അണികളോട് പച്ചക്കള്ളം പറഞ്ഞുവെന്നും അഷ്റഫ് ഫെയ്‌സ് ബുക്കിൽ എഴുതി.
എംഎല്‍എ എം സ്വരാജും സുധാ മേനോനും സുനില്‍ പി ഇളയിടവും ഉള്‍പ്പെടെ മറ്റനേകം പ്രഭാഷകര്‍ ഇതേ ഐസിസിയില്‍ അതിരൂക്ഷമായി സംഘ്പരിവാരിനെതിരെ സംസാരിച്ചിരുന്നുവെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത വിലക്ക് തഹ്ലിയയെ മാത്രം ബാധിക്കുന്നതെങ്ങിനെ എന്ന് ചോദിക്കാന്‍ ഒരു കെഎംസിസി നേതാവിനും നാവ് പൊങ്ങാത്തതിന് ഏവര്‍ക്കും നല്ല നമസ്‌കാരം. സംഗതി പെട്ടെന്നൊന്നും ലീക്കാക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞ മഹത്തുക്കള്‍ക്ക് വീണ്ടും നമോവാകം’- എന്നും അദ്ദേഹം കുറിച്ചു.