അബുദബി : അറേബ്യൻ രാജ്യത്തെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ അബുദബി ബാപ്സ് ഹിന്ദുമന്ദിറിന്റെ ഉദ്ഘാടനത്തിനായി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. ദുബായിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി സംസാരിക്കും.
അബുദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നീ വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെ അബുദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി ഇന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അഹ്ലൻ മോദിയെന്ന് പേരിട്ട പൊതുപരിപാടിയിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണമാണ് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഓൺലൈൻ രജിസ്ട്രേഷൻ അറുപതിനായിരം കടന്നതായി സംഘാടകർ അറിയിച്ചു.ഉച്ചക്ക് പന്ത്രണ്ട് മണിയോടെ രജിസ്ട്രേഷൻ ചെയ്തവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. പ്രധാനമന്ത്രി വൈകുന്നേരം 6 മണിയോടെ സദസിനെ അഭോസംബോധന ചെയ്യും. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയായിരിക്കും ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. നാളെ അബുദബിയിൽ നിർമിച്ച മിഡിലീസ്റ്റിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.