ന്യൂഡല്‍ഹി: ഇലക്ട്രൽ ബോണ്ട് കേസിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട ഇലക്ട്രൽ ബോണ്ട് സ്കീം റദ്ദാക്കി സുപ്രീംകോടതി.ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും ബോണ്ട് സംവിധാനം വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും കള്ളപ്പണം തടയുന്നുവെന്ന് പറഞ്ഞ് വോട്ടറുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇലക്ട്രൽ ബോണ്ടുകളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടു. ബാങ്കുകളോട് ഇലക്ട്രൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇലക്ട്രൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ വിശദാംശങ്ങളും സംഭാവനകൾ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങളും മാർച്ച് ആറിനകം എസ്ബിഐ നൽകണമെന്ന് കോടതി പറഞ്ഞു.പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞ സുപ്രീംകോടതി രാഷട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
മാർച്ച് 31-നകം ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്മാരുടെ വിവരാവകാശത്തെയും അഭിപ്രായപ്രകടനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെയും ഇലക്ട്രൽ ബോണ്ടുകൾ ലംഘിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ട്രൽ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.