ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ഫലം റദ്ദാക്കി എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.വരണാധികാരി അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയതിനെ തുടർന്ന് അതും കൂടി എണ്ണാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ‘ഇന്ത്യാ’ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച എഎപി അംഗം മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
ബാലറ്റ് അസാധുവാക്കാൻ ശ്രമിച്ചതായി കണ്ടെത്തിയ വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു.ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും നേരിട്ട് പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞത്.എഎപി- കോൺഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകൾ വരണാധികാരി അസാധുവാക്കി ബിജെപി സ്ഥാനാർത്ഥിയെ ചണ്ഡിഗഡ് മേയറാക്കിയത് വിവാദമായതോടെ ബിജെപിയുടെ മേയർ മനോജ് സൊൻകർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
16-നെതിരെ 20 വോട്ടുകൾക്കായിരുന്നു ‘ഇന്ത്യാ’ സഖ്യത്തിന്റെ സ്ഥാനാർത്ഥി കുൽദീപ് കുമാറിന്റെ ജയം. തെരഞ്ഞെടുപ്പ് നടന്ന ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷമാണ് വരണാധികാരിയായിരുന്ന അനിൽ മസീഹിന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാൻ കോടതി മസീഹിനോട് നിർദേശിച്ചു.