അബദ്ധം പറ്റിപ്പോയി, വീഴ്ച മാപ്പാക്കണം.സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് പതഞ്‌ജലി എംഡി

ന്യൂഡല്‍ഹി: അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്നുമുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പരാതിയിൽ അബദ്ധത്തില്‍ സംഭവിച്ച വീഴ്ച മാപ്പാക്കണമെന്നും ഇതിനി ആവർത്തിക്കില്ലെന്നും സുപ്രിംകോടതിയില്‍ ക്ഷമാപണം നടത്തി പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷവും പതഞ്‌ജലി ഇത് തുടർന്നിരുന്നു, ഇതിനെതിരെ സുപ്രീംകോടതി നേരത്തെ തന്നെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണനുമെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചത്.കേസിൽ രണ്ടു ദിവസം മുൻപ് വാദം കേട്ട സുപ്രീം കോടതി പതഞ്‌ജലി എംഡിയോടും ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മനപൂർവ്വമല്ലെന്നും ഇതിനി ആവർത്തിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പതഞ്ജലി എംഡി വ്യക്തമാക്കി.