ന്യൂഡല്‍ഹി: പാർലമെന്റില്‍ ഗണ്യമായ ഭൂരിപക്ഷം നേടാൻ ‘അബ് കി ബാർ 400 പാർ, 350 പാർ’ മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരൊറ്റ മുസ്‌ലിം പാർലമെന്റ് അംഗം (എംപി) പോലും ഇല്ലെന്ന് രാജ്‌ദീപ് സര്‍ദേശായി. ന്യൂഡല്‍ഹിയില്‍ നടന്ന 21-ാമത് എഡിഷൻ ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2024-ലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാതിനിധ്യവും ഉള്‍ക്കൊള്ളലും സംബന്ധിച്ച നിർണായക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കവേ രാജ്യത്തെ പാർലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അഭാവവും വൈവിധ്യമാർന്ന ഇന്ത്യയുടെ ജനസംഖ്യയില്‍ ഈ പ്രവണത സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സർദേശായി തുറന്നുകാട്ടി.
ഭരിക്കുന്ന പാർട്ടി 350 അല്ലെങ്കില്‍ 400 എംപിമാരെ നേടിയാല്‍ ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 13% വരുന്ന മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രാതിനിധ്യം പാടേ ഇല്ലാതാകും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മുസ്ലിംകളെ പാർശ്വവത്ക്കരിക്കുന്നതും മുസ്ലിം സമുദായത്തെ വ്യവസ്ഥാപിതമായി അദൃശ്യവത്ക്കരിക്കപ്പെടും.അയല്‍പക്കങ്ങളില്‍ മുസ്‌ലിം അയല്‍വാസികളുടെ എണ്ണം കുറയുന്നത് സ്വന്തം അയല്‍പക്കത്ത് നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തിയ സർദേശായി ഇന്ത്യൻ സമൂഹത്തില്‍ കടന്നുകൂടിയ മുൻവിധികളും വാർപ്പു മാതൃകകളുമാണ് ഈ രീതിക്ക് കാരണമെന്നും വ്യക്തമാക്കി.
” അബ് കി ബാർ 400 പാർ, 350 പാർ’ എന്നതിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. പാർലമെന്റില്‍ ഈ സർക്കാരിന് ഒരു മുസ്‌ലിം എംപി പോലുമില്ല. ഈ 350 അല്ലെങ്കില്‍ 400 പേരില്‍ ഒരു മുസ്‌ലിം എം.പി പോലും ഉണ്ടാകാൻ പോകുന്നില്ല. നിങ്ങളുടെ ജനസംഖ്യയുടെ 13% അദൃശ്യമാക്കപ്പെടുകയാണ്. ഈ മുറിയില്‍ ഞാനത് പറയുന്നില്ല. എനിക്കറിയാം, സമ്പന്നവും ഉയർന്നതുമായ എന്റെ സ്വന്തം കോളനിയില്‍ ഇന്ന് എത്ര മുസ്‌ലിംകള്‍ താമസിക്കുന്നു? മുസ്ലിംകളെ ആസൂത്രിതമായി അദൃശ്യമാക്കപ്പെടുന്നുണ്ട് ”
” 400 എംപിമാരുള്ള പാർട്ടിക്ക് ഒരു മുസ്‌ലിം എംപി പോലുമില്ലെങ്കില്‍, സമുദായങ്ങള്‍ക്കിടയില്‍ ആത്മാർത്ഥമായ സഹകരണം വളർത്തിയെടുക്കാൻ കഴിയുന്നില്ലെങ്കില്‍ മൂന്നാമത്തെ വലിയ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഭാവിയില്‍ ഇതിലും അപകടകരമായ മറ്റൊന്നില്ല.”ദേശായി പറഞ്ഞു.