കോയമ്പത്തൂർ: സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ കീടനാശിനി കഴിച്ച ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എംഎൽഎയും രണ്ടുതവണ എംപിയുമായിരുന്നു ഗണേശമൂർത്തി.
ഈറോഡ് സീറ്റിൽ ഇൻഡി മുന്നണിയുടെ ഭാഗമായി ഇത്തവണ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റാണ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകിയത്. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം ഈറോഡിൽ നടന്ന ഇൻഡി മുന്നണി കൺവൻഷനിൽ അദ്ദേഹം പങ്കെടുത്തിരുന്നു.ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.
മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയത്. പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.