തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ എന്നെ ജയിലിലടയ്ക്കാത്തത് എന്തുകൊണ്ടെന്ന സങ്കടത്തിലാണ് രാഹുല്‍ ഗാന്ധിയും കോൺഗ്രസ്സും.എന്നെ മാത്രം വിമര്‍ശിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. വിമര്‍ശിക്കേണ്ട കാര്യങ്ങള്‍ വിമര്‍ശിക്കുക തന്നെ ചെയ്യും.ജോഡോ യാത്രയ്ക്ക്ശേഷം മാറ്റം വന്നിട്ടുണ്ടെന്നാണ് നിങ്ങളുടെ ആളുകള്‍ പറയുന്നത്. ഒരു മാറ്റവും വന്നിട്ടില്ലെന്ന് ആളുകള്‍ കരുതുമെന്നും . രാഹുല്‍ ഗാന്ധി നേരത്തെയുള്ള പേരില്‍ നിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്നും രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ.
അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. അന്വേഷണവും ജയിലും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. രാജ്യം മുഴുവന്‍ യാത്ര ചെയ്തിട്ടും ഒരിടത്തും ഇത് പറഞ്ഞില്ല. ഇക്കാര്യത്തില്‍ മാത്രമാണ് വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങളൊന്നും ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല. നിങ്ങളുടെ അനുയായി ആയിരുന്നല്ലോ സിബിഐയ്ക്ക് കേസ് കൊടുത്തത്, നിങ്ങള്‍ കെട്ടിച്ചമച്ച കേസിന്റെ ഭാഗമായിട്ട്. വിജിലന്‍സ് തള്ളിയ കേസ് രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായിട്ടായിരുന്നു അന്ന് സിബിഐയ്ക്ക് കൊടുത്തത്. സിബിഐ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടല്ലോ. നേരത്തേ വിജിലന്‍സ് എവിടെയാണോ അവിടെ തന്നെയാണ് അവരും എത്തിയത്. അന്ന് നിങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തില്‍. എങ്ങനെയാണ് ആ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്നത്തെ സിബിഐ യുടെ അന്വേഷണം എന്തായിരുന്നെന്നും അതിന്റെ മുകളിലുള്ള നിയമോപദേശം എന്തായിരുന്നുവെന്നുമൊക്കെ മനസിലാക്കാന്‍ നോക്കെന്നും പിണറായി പറഞ്ഞു.
നിങ്ങളുടെ മുത്തശ്ശി ഈ രാജ്യത്താകെ അടക്കിവാണിരുന്ന കാലത്ത് അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വര്‍ഷം. ജയിലെന്ന് കേട്ടാല്‍ നിങ്ങളുടെ അശോക് ചവാനെ പോലെ അയ്യയ്യോ എനിക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ല എന്ന് പറയുന്നവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.