കെ റെയിൽ കേരളത്തിന് ആവശ്യമില്ല. സുരേഷ് ഗോപി

തൃശൂർ: വ്യക്തിയെന്ന നിലയിൽ കെ റെയിൽ കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരു പ്രളയത്തിന്റെ അനുഭവം മുന്നിലുണ്ടാകണമെന്നും നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകൾ കൂടി നിർമിക്കാൻ കേന്ദ്രം തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെയും പത്നി കല്യാണിക്കുട്ടിയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചു.

കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ഗുരു സ്ഥാനീയരായി കണ്ട ആളുകളുടെ അനുഗ്രഹം തേടിയാണ് എത്തിയതെന്നും കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാലടക്കമുള്ള ബിജെപി നേതാക്കൾക്കൊപ്പമെത്തിയ സുരേഷ്‌ ഗോപി പറഞ്ഞു.തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തിയ സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു.