വിമാനങ്ങളിൽ 5ജി സേവനങ്ങൾ മികച്ച രീതിയിൽ ക്രമീകരിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സെൽഫോൺ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫ്രീക്വൻസികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ, ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ, ഡാറ്റ എന്നിവ ഉപയോഗപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ എയർലൈനുകളെ അനുവദിക്കുന്നതാണ്.
പിക്കോ- സെൽ എന്ന പ്രത്യേക നെറ്റ്വർക്ക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് 5ജി സേവനം ലഭ്യമാക്കുക. വിമാനത്തിനുള്ളിലെ ശൃംഖലയെ ഒരു ഉപഗ്രഹം ഭൂമിയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക തരം നെറ്റ്വർക്കാണ് പിക്കോ- സെൽ. 2022- ൽ യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ മൊബൈൽ വയർലെസ് ഫ്രീക്വൻസുകൾ വഴി ഇൻ- ഫ്ലൈറ്റ് വോയിസ്, ഡാറ്റ സേവനങ്ങൾ എന്നിവ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. എന്നാൽ, എയർലൈൻ പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡർമാരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി പിൻവലിക്കുകയായിരുന്നു.