ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ വിസ്ട്രോണിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. കർണാടകയിൽ സ്ഥിതി ചെയ്യുന്ന വിസ്ട്രോണിന്റെ യൂണിറ്റാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 4,000 കോടി രൂപ മുതൽ 5,000 കോടി രൂപ വരെയാണ് ഇടപാട് മൂല്യം കണക്കാക്കുന്നത്. എന്നാൽ, ഏറ്റെടുക്കൽ തീയതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല.
കർണാടകയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ ഏകദേശം 14,000 മുതൽ 15,000 വരെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. വിസ്ട്രോണിനെ ഏറ്റെടുക്കുന്നതോടെ വമ്പൻ മാറ്റങ്ങൾക്കാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഫോക്സ്കോണ്‍, പെഗാട്രോൺ, വിസ്ട്രോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്. പ്രധാനമായും ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അതേസമയം, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പ്രോ മോഡലുകളും മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്.