ഹോങ് കോങ് മോഡലിന്റെ തലയോട്ടിയും വാരിയെല്ലിന്റെ ഭാഗങ്ങളും സൂപ്പ് പാത്രത്തിൽ

ഹോങ്കോങ് : ഹോങ് കോങ്ങിലെ ലങ് മേ സുൻ എന്ന സ്ഥലത്തുള്ള വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട ഹോങ് കോങ് മോഡൽ എബി ചോയിയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ഹോങ് കോങ്ങിലെ പൂട്ടിക്കിടക്കുന്ന വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ തലയോട്ടി, മുടി, വാരിയെല്ലുകൾ എന്നീ ശരീരഭാഗങ്ങൾ കണ്ടെത്തി.ഫ്രിഡ്ജിലും സൂപ്പ് പാത്രത്തിലുമായിട്ടായിരുന്നു ഇവ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.ചർമവും മാംസവും നീക്കം ചെയ്ത രീതിയിലായിരുന്നു തലയോട്ടി.

ഹോങ് കോങ്ങിലെ അറിയപ്പെടുന്ന മോഡലാണ് എബി ചോയി. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എബി ചോയിയുടെ അവസാന പോസ്റ്റ് ഫെബ്രുവരി 19 നായിരുന്നു.ഫെബ്രുവരി 21 നാണ് 28 കാരിയായ എബി ചോയിയെ കാണാതാകുന്നത്.മോഡലിനെ കാണാതായെന്ന പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച തായ് പോ ജില്ലയിലെ ഒരു കശാപ്പ് യൂണിറ്റിൽ നിന്ന് യുവിതയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള നാല് മക്കളാണ് എബി ചോയിക്കുള്ളത്. ആദ്യത്തെ രണ്ടു മക്കൾ അലക്സ് കോങ്ങുമായുള്ള ബന്ധത്തിലുള്ളതാണ്. ഇവർ ചോയിയുടെ മാതാവിന്റെ സംരക്ഷണയിലാണുള്ളത്. അലക്സ് കോങ്ങുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം ചോയി മറ്റൊരു വിവാഹം കഴിച്ചിരുന്നു.

ചോയിയുടെ മുൻ ഭർത്താവ് അലക്സ് കോങ്ങിന്റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഡലിന്‍റെ രണ്ടു കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്.എബി ചോയിയുടെ കൊലപാതകത്തിൽ മുൻ ഭർത്താവ് അലക്സ് കോങ്, പിതാവ് കോങ് കോ, മാതാവ് ജെന്നി ലീ സഹോദരൻ ആന്റണി കോങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്വത്തു തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.അലക്സ് കോങ്ങിന്റെ പക്കൽ 63695 ഡോളറും 4 ദശലക്ഷം ഹോങ്കോങ്ങ് ഡോളർ വിലമതിക്കുന്ന നിരവധി ആഡംബര വാച്ചുകളും പോലീസ് കണ്ടെത്തിയിരുന്നു.

കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കൾ എബി ചോയി തനിച്ച് കൈകാര്യം ചെയ്യുന്നതിൽ പലർക്കും അതൃപ്തിയുണ്ടായിരുന്നതായി അവരുടെ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.കാറിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാകാം ചോയി ആക്രമിക്കപ്പെട്ടതെന്നാണ് കരുതുന്നത്.ഫോറൻസിക് പരിശോധനയിൽ തലയോട്ടിയുടെ പിൻഭാഗത്ത് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്.
.