മലയാളി യുവാവ് ലണ്ടനിൽ കുത്തേറ്റ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ

ലണ്ടൻ: ഒപ്പം താമസിച്ചിരുന്ന സുഹൃത്തിൻ്റെ കുത്തേറ്റ് പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ലണ്ടനിൽ മരിച്ചു.ഒപ്പം താമസിച്ചിരുന്ന മലയാളിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കൂടെ താമസിച്ചിരുന്ന മലയാളികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിൽ വഴക്കുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പൊക്കാമിൽ വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. മറ്റ് രണ്ട് മലയാളി സുഹൃത്തുക്കൾക്ക് ഒപ്പം പെക്കാമിലെ ചെറിയ ഫ്ലാറ്റിലാണ് അരവിന്ദും പിടിയിലായ യുവാവും താമസിച്ചിരുന്നത്. അരവിന്ദ് ശശികുമാറും ഇരുപതുകാരനായ പ്രതിയും തമ്മിലുള്ള ഫ്ലാറ്റിൽ വെച്ചുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന.

അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാക്കൾ പുറത്തേക്ക് ഇറങ്ങി ഓടുകയും തുടർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ അരവിന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. പത്ത് വർഷത്തോളമായി യുകെയിലുള്ള അരവിന്ദ് മലയാളികളായ യുവാക്കൾക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.