നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന ‘കുറുക്കന്’ എന്ന ചിത്രത്തിലൂടെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടന് ശ്രീനിവാസന് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി.എറണാകുളം സെന്റ് ആൽബർട്ട് സ്കൂൾ കാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ ലോക്നാഥ് ബെഹ്റ ഐപിഎസ് സ്വിച്ചോൺ കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത സംവിധായകൻ എം മോഹൻ ഫസ്റ്റ് ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കമിട്ടു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയരംഗത്ത് നിന്ന് ഏറെ നാളുകളായിവിട്ടു നിൽക്കുകയായിരുന്ന ശ്രീനിവാസൻ കുറുക്കനില്‍ ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു.ചിത്രീകരണത്തിന്റെ ആദ്യ ദിവസം വിനീതിനും ഭാര്യക്കുമൊപ്പമാണ് ശ്രീനിവാസന് സെറ്റിലെത്തിയത്.
ശ്രീനിവാസനെ മനസിൽ കണ്ടെഴുതിയ കഥയാണെന്നും ചിത്രീകരണം തുടങ്ങാൻ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നെന്നും സംവിധായകൻ ജയലാൽ ദിവാകരൻ പറഞ്ഞു.ഫണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ കുറുക്കനില്‍ സുപ്രധാന വേഷമാണ് ശ്രീനിവാസന്. ഇരുപത് ദിവസം ചിത്രീകരണ സംഘത്തിനൊപ്പം ശ്രീനിവാസനുണ്ടാകും.
വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രശസ്ത തിരക്കഥാകൃത്ത് മനോജ് റാം സിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്, ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി,നിസാർ ജമീൽ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.