കൊച്ചി: പൃഥ്വിരാജ് – ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.
ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നിവയുടെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
പൃഥ്വിരാജിനെയും അപർണ , ആസിഫ് അലി, എന്നിവരെക്കൂടാതെ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.