കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയിരുന്നു. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ പറഞ്ഞത്.
ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷക്കീല. ഇത്തരം അവഗണനകൾ നേരിടുന്നത് ആദ്യമായല്ലെന്നും ഇതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും ഷക്കീല പറഞ്ഞു. സംവിധായകൻ ഒമർ ലുലുവിനൊപ്പം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷക്കീല പ്രതികരണം അറിയിച്ചത്.
‘എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്. ഞാൻ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് കുറെ മെസേജ് വന്നു. എന്നാൽ എനിക്ക് ഏറെ വേദനയാണ് തോന്നുന്നത്. നിങ്ങൾ തന്നെയാണ് എന്നെ ഈ അന്തസിലേക്ക് എത്തിച്ചത്. എന്നിട്ട് നിങ്ങൾ തന്നെ എനിക്ക് അംഗീകാരം തരുന്നില്ല. അതിന്റെ കാരണം എന്ത് എന്ന് എനിക്ക് അറിയില്ല. സോറി മിസ് യു’, ഷക്കീല പറഞ്ഞു