വര്‍ഷങ്ങളായി ജയറാം തന്നോട് സംസാരിക്കാറില്ലെന്ന് സംവിധായകന് രാജസേനന്. അഞ്ചാറ് വര്‍ഷമായിട്ട് തമ്മില്‍ സംസാരിക്കാറില്ലെന്നും ആ ദിവസങ്ങള്‍ ഇപ്പോഴും ഓര്‍ക്കാവുന്ന നല്ല ദിവസങ്ങളും മുഹൂര്‍ത്തങ്ങളായിരുന്നു എന്നും രാജസേനന് പറയുന്നു. ജയറാം-രാജസേനന് കൂട്ടുകെട്ടിൽ 16 സിനിമകള്‍ മലയാളത്തിൽ ചെയ്തിട്ടുണ്ട്.
‘ഇപ്പോള്‍ സംസാരിക്കാറില്ലെങ്കിലും അന്നത്തെ നല്ല ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. ജയറാമിനൊപ്പം 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്ന സമയത്ത് ജയറാമിനെ വച്ചൊരു സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ പലരും പിന്മാറുന്ന ഒരു കാലഘട്ടമാണ്. ആ കാലഘട്ടത്തില്‍ ഞാനും ഒന്നുമല്ലാതെ ഇരിക്കുന്നു’.
‘ജയറാമും ഒന്നുമല്ലാതെ ഇരിക്കുകയാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് തന്നെ ഒരുമിച്ചുണ്ടാക്കിയ സിനിമയാണ്. അന്ന് ജയറാമും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിര്‍മ്മാതാവിനെ കണ്ടെത്താനൊക്കെ പുള്ളിയും ശ്രമിച്ചിട്ടുണ്ട്. കുറച്ച് പൈസയൊക്കെ പുള്ളി തന്നിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണത്തിന്റെ സമയത്ത് ജയറാം തന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് താന്‍ ചെയ്ത പതിനഞ്ച് സിനിമകളിലൂടെ അദ്ദേഹത്തിന് കൊടുത്തത്.
‘അത്രയും വലിയ സമ്മാനം എനിക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി എന്നുള്ളതാണ്. കടിഞ്ഞൂല്‍ കല്യാണം കഴിഞ്ഞ് ‘അയലത്തെ അദ്ദേഹം’ മുതല്‍ ‘കനക സിംഹാസനം’ വരെയുള്ള സിനിമകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ആവറേജ് ആയി പോയത്. ബാക്കിയെല്ലാം നൂറും നൂറ്റി ഇരുപതും നൂറ്റമ്പതും ദിവസം ഓടിയ സിനിമകളാണ്’.