മുംബൈ: പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്. ചിത്രത്തിൽ മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രമാണ് മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഖുറേഷി പ്രൊഡക്ഷന്റെ ബാനറിൽ വസീം ഖുറേഷിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഛത്രപതി ശിവജി മഹാരാജിന്റെ വേഷമാണ് ഞാൻ അവതരിപ്പിക്കുന്നത്. രാജ് താക്കറെയാണ് എനിക്ക് ഈ വേഷം ലഭിക്കാൻ കാരണക്കാരനായത്. ഇതൊരു വലിയ ദൗത്യമാണ്, എന്റെ ഏറ്റവും മികച്ച പ്രകടനം ഞാൻ നൽകും’ അക്ഷയ് കുമാർ പറഞ്ഞു. മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസിനെത്തും. അടുത്ത വർഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക.