തിരുവനന്തപുരം : ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാന്‍ ഭക്ഷ്യവകുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണിയിടപെടലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്.അനില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്കില്‍, പോങ്ങിലും നേമം മണ്ഡലത്തില്‍ കരുമത്തും പുതുതായി ആരംഭിച്ച മാവേലിസ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളടങ്ങുന്ന സൗജന്യക്കിറ്റ് ആഗസ്റ്റ് 10 മുതല്‍ വിതരണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഓണത്തിന് മുമ്പുതന്നെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം പൂര്‍ത്തിയാക്കുന്നതാണ്. ഗുണനിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഇത്തവണ ഓണത്തിന് സൗജന്യ ഓണക്കിറ്റിനുപുറമെ അധികമായി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സബ്സിഡി നിരക്കില്‍ 5 കിലോ പച്ചരി, 5 കിലോ കുത്തരി, ഒരു കിലോ പഞ്ചസാര എന്നിവ നല്‍കും.
കേരളത്തിന് വെട്ടിക്കുറച്ച ഗോതമ്പിന് പകരമായി റാഗി, വെള്ള കടല എന്നിവ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും കേന്ദ്രം അവ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്ന പക്ഷം റേഷന്‍കടകള്‍ വഴി റാഗിപ്പൊടിയും, വെള്ളകടലയും ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.