ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. ഇത് സംബന്ധിച്ച് 600 പേരിലധികം ഒപ്പിട്ട പ്രസ്താവന പുറത്തിറക്കി. തൊഴിലാളികൾ, ചരിത്രകാരൻമാർ, സാമൂഹിക പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.
സഹേലി വിമൻസ് റിസോഴ്സ് സെന്റർ, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചു. സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ചതിൽ ലജ്ജിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. വിധി അധാർമ്മികവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാണിച്ച പ്രസ്താവനയിൽ, ഇത് സംസ്ഥാനത്തിന്റെ നയങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു.
2002 മാർച്ച് 3ന് ഗോധ്ര സംഭവത്തിനു ശേഷമുള്ള കലാപത്തിനിടെ ബിൽക്കീസ് ബാനുവിന്റെ കുടുംബം ആക്രമിക്കപ്പെട്ടു. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. കുടുംബത്തിലെ മറ്റ് ആറുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.