വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുറമുഖ നിര്‍മാണം നടക്കുന്ന പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് തുടങ്ങിയ ജനബോധനയാത്ര വിഴിഞ്ഞത്തെത്തി. ഇതിനിടെയാണ് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചത്. ഇതോടെ രണ്ടുതവണ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് വൈദികരടക്കമുള്ളവര്‍ ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
അതിനിടെ പദ്ധതിയെ അനുകൂലിക്കുന്നവരും നിര്‍മാണ പ്രദേശത്തേക്ക് പ്രകടനം നടത്തി. തുറമുഖം നാടിനാവശ്യം എന്ന മുദ്രാവാക്യവുമായാണ് ഇവരുടെ പ്രകടനം. ഇവരേയും പൊലീസ് തടഞ്ഞു. ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് കനത്ത സംരക്ഷണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.