രാജ്യത്തെ പൊതു-സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ഓരോ ജീവനക്കാരുടെയും അത്യന്തം ന്യായമായ പി.എഫ് പെന്ഷന് അവകാശത്തിനുമേലുള്ള നിയമയുദ്ധത്തിന് സുപ്രീംകോടതിയില്‍ ഇന്നലെ സമാപ്തിയായിരിക്കുന്നു.
ജീവനക്കാരുടെ ന്യായമായ അവകാശങ്ങളെ പരിമിതപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യുന്ന 2014ലെ എംപ്ലോയീസ് പെന്ഷന് (ഭേദഗതി) സ്കീം പ്രഖ്യാപിക്കപ്പെട്ട ഘട്ടം മുതല്‍ ആരംഭിച്ചതാണ് ഇതിനെതിരെ തൊഴിലാളികളുടെ നിയമ പോരാട്ടം. തുടര്‍ന്ന് പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന ഇ.പി.എഫ്.ഒയുടെ ഹരജിയും തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി ഹരജിയും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി നല്‍കിയത്.
പി.എഫ്. പെന്ഷന് ഇനി മുതല്‍ 60 മാസത്തെ ശരാശരിയില്‍ കണക്കാക്കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. പെന്ഷന് ലഭിക്കാന്‍ 15,000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി തത്ത്വത്തില്‍ റദ്ദാക്കി. സംഘടിത മേഖലയില്‍ ഉയര്‍ന്ന ശമ്ബളത്തിന് ആനുപാതികമായി പെന്ഷന് നല്‍കണമെന്ന കേരള ഹൈകോടതി വിധി ഭാഗികമായി ശരിവെക്കുന്നു ഈ വിധി. ഇത്രയും വായിക്കുമ്ബോള് വിധി ഭാഗികമായി ആശ്വാസകരം തന്നെയാണ്. പക്ഷേ, തൊഴിലാളി താല്പര്യങ്ങള് പൂര്‍ണമായി സംരക്ഷിക്കപ്പെട്ടുവെന്ന് പറയാനാവില്ല. ഒട്ടനവധി പ്രത്യാഘാതങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്നുണ്ട്.
റിട്ടയര്‍മെന്റിന് മുമ്ബുള്ള 12 മാസത്തെ ശമ്ബളത്തിന്റെ ശരാശരിയില്‍ കണക്കാക്കിയിരുന്നതാണ് 60 മാസത്തെ ശമ്ബളത്തിന്റെതാക്കി മാറ്റിയത്. ഇത് 2014ലെ ഭേദഗതിയെ ഉപജീവിച്ചുള്ളതാണ്. അത് നീതീകരിക്കാനാവില്ല. 1952ലെ പി.എഫ് ആക്ട് പ്രകാരം തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യാനോ പരിമിതപ്പെടുത്താനോ പാടില്ല. അതിനെ അട്ടിമറിക്കുന്ന ഭേദഗതിയിലെ വ്യവസ്ഥയെ ശരിവെക്കുന്നത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
നിലവില്‍ സര്‍വിസിലുള്ളവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ഓപ്റ്റ് ചെയ്യാനാകും എന്നത് ആഹ്ലാദകരമാണ്. 15,000 രൂപയുടെ മേല്‍പരിധി എടുത്തുകളഞ്ഞതും ശ്രദ്ധേയം. എന്നാല്‍, ഈ ആശ്വാസ നടപടികളൊന്നും 2004-2014 കാലത്ത് പെന്ഷന് പറ്റിയ തൊഴിലാളികള്‍ക്ക് ലഭ്യമാവില്ല.
കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്ബ് ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ലഭിക്കില്ല. പി.എഫ് അട്ടിമറിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ജീവന് പകര്‍ന്ന് മുന്നില്‍നിന്ന് നയിച്ചത് അവരാണ്. അവരുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കപ്പെട്ടിരിക്കുന്നു.
2004 വരെ എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന് നല്കാന് സാധിക്കുമായിരുന്നു. ഇപ്പോഴിത് വെറും നാലു മാസമായി പരിമിതപ്പെട്ടിരിക്കുന്നു. ശമ്ബളം 15,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നതിന് അധിക സംഭാവനയായി 1.16 ശതമാനം വിഹിതം കൂടി നല്‍കണമെന്ന ഭേദഗതി കോടതി റദ്ദു ചെയ്തെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിന് ആറു മാസം സമയം കൊടുത്തത് ആശങ്കജനകമാണ്. തൊഴിലാളി അവകാശങ്ങള്‍ തകിടംമറിക്കാന്‍ തക്കംപാര്‍ത്ത് നടക്കുന്ന സര്‍ക്കാറിന് ഉപായങ്ങള്‍ കണ്ടെത്താന്‍ ഈ കാലയളവ് ധാരാളമാണ്. തൊഴിലാളി സംഘങ്ങളും രാജ്യത്തെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ജാഗ്രതാപൂര്‍വം നിലകൊണ്ടാല്‍ മാത്രമേ സുപ്രീംകോടതി വിധിയുടെ ഗുണഫലങ്ങള്‍ ഉറപ്പുവരുത്താനും അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ.